തിരുവനന്തപുരം: അവിവാഹിതരായവരോട് ഫ്ലാറ്റില്‍ നിന്നും ഒഴിയാനാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഫ്ളാറ്റ് അസോസിയേഷന്റെ നിര്‍ദേശം. തിരുവനന്തപുരം പട്ടത്തെ ഹീര ട്വിന്‍സ് ഫ്ലാറ്റിലാണ് വിചിത്രമായ നിര്‍ദേശവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. അവിവാഹിതരായ താമസക്കാര്‍ രണ്ട് മാസത്തിനുള്ളില്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന് താമസക്കാര്‍ക്ക് നോട്ടീസ് നല്കി. അവിവാഹിതര്‍ നേരിട്ടുള്ള രക്തബന്ധത്തിലുള്ളവരല്ലാതെ എതിര്‍ലിംഗക്കാരെ ഫ്ളാറ്റില്‍ കയറ്റരുതെന്നും ഫ്ളാറ്റ് അസോസിയേഷന് ആവശ്യപ്പെടുന്നു.
ഫ്ളാറ്റിലെ താമസക്കാരുടെ ഭാഗത്തുനിന്നു പൊതു അച്ചടക്കം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതിനാലാണ് നോട്ടീസ് പതിച്ചതെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. സിവില്‍ സര്‍വീസ് ഉള്‍പ്പെടെ ഉന്നതപഠനം നടത്തുന്നവരും ജോലിക്കാരുമാണു വാടകയ്ക്കു നല്കിയിട്ടുളള ആറ് ഫ്ളാറ്റുകളിലായുള്ളത് എന്നാണ് വിവരം. ജനുവരി മൂന്നിനാണ് ഫ്ളാറ്റിലെ അവിവാഹിതരായ വാടകക്കാര്‍ക്ക് അസോസിയേഷന് ഭാരവാഹികള്‍ നോട്ടീസ് നല്‍കിയത്. എതിര് ലിംഗക്കാരുമായി സംസാരിക്കാന്‍ ബേസ്മെന്റ് ഉപയോഗിക്കണം എന്നും വാടകക്കാരോട് ആവശ്യപ്പെട്ടതായി അവിവാഹിതരായ വാടകക്കാര്‍ ആരോപിക്കുന്നു.
എല്ലാ വാടകക്കാരും അവരുടെ ആധാറും ഫോണ്‍ നമ്പറും ഒപ്പം രക്ഷിതാവിന്റെയോ മാതാപിതാക്കളുടെയോ ഫോണ്‍ നമ്പറും അസോസിയേഷന് സമര്‍പ്പിക്കണമെന്നും ഇവ സന്ദര്‍ശക രജിസ്റ്ററിലും രേഖപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഫ്ളാറ്റ് സമുച്ചയം കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കാനായി പരിമിതപ്പെടുത്തിയിരിക്കുന്നതാണ്. അവിവാഹിതരായ താമസക്കാര്‍ ഉടന്‍ ഒഴിയണമെന്നും നിര്‍ദേശമുണ്ട്. നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയും സെക്യൂരിറ്റി ജീവനക്കാരനോട് തര്‍ക്കിക്കുകയും ചെയ്താല്‍ പൊലീസില്‍ വിവരം നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. കൂടാതെ വിവരം രക്ഷിതാക്കളെയും മാതാപിതാക്കളെയും വിളിച്ച് അറിയിക്കുകയും ചെയ്യുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: ‘Singles to leave, opposite sex not to come’; Flat association with strange proposal in Thiruvananthapuram