ബ്രിസ്ബെയ്ന്‍. ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി സഹോദരിമാരുടെ ആഗ്നസ് ആന്‍ഡ് തെരേസ പീസ് ഫൗണ്ടേഷന് (അറ്റ്പിഎഫ്) ഏര്‍പ്പെടുത്തിയ ഇന്റര്‍നാഷണല്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഐക്യരാഷ്ട്രസഭ ഓസ്ട്രേലിയ എര്‍ത്ത് ചാര്‍ട്ടര്‍ കോഡിനേറ്റര്‍ ക്ലെം ക്യാമ്പ്ബെല്‍ പ്രഥമ പുരസ്കാരത്തിന് അര്‍ഹനായി.ബ്രിസ്ബെയ്ന്‍ സിറ്റിയിലെ സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ ലോക മനുഷ്യാവകാശ ദിനാഘോഷ ചടങ്ങില്‍ ഐക്യരാഷ്ട്രസഭ അസോസിയേഷന് ഓസ്ട്രേലിയ ക്വീന്സ്ലാന്ഡ് പ്രസിഡന്റ് ക്ലയര്‍ മോര് ആണ് പുരസ്കാരം സമ്മാനിച്ചത്.
വിവിധ മേഖലകളിലെ സേവനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ക്യാമ്പ്ബെല്ലിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. മുന്‍ അറ്റോര്‍ണി ജനറലും ഐക്യരാഷ്ട്രസഭ അസോസിയേഷന് ഓസ്ട്രേലിയയുടെ സുസ്ഥിര വികസന പദ്ധതി പ്രസിഡന്റുമായ റോഡ് വെല്‍ഫോര്‍ഡ്, ഹ്യൂമന്‍ റൈറ്റ് കമ്മീഷണര്‍ സ്കോട് മാക്ഡൗകല്‍, അറ്റ്പിഎഫ് ഡയറക്ടറും നടനും സംവിധായകനുമായ ജോയി കെ. മാത്യു, ലോക ദേശീയഗാനാലാപന സഹോദരിമാരും അറ്റ്പിഎഫ് സ്ഥാപകരുമായ ആഗ്നസ് ജോയി, തെരേസ ജോയി, ഇന്‍ഡിപെന്‍ഡന്‍ഡ് ആന്‍ഡ് പീസ് ഫുള്‍ നെറ്റ്വർക്ക് ഓസ്ട്രേലിയ ദേശീയ അധ്യക്ഷ അനറ്റ് ബ്രൗണ്‍ലി, ഐക്യരാഷ്ട്ര സഭയുടെ ലോക മനുഷ്യാവകാശ ദിനാഘോഷ പ്രോഗ്രാം കോഡിനേറ്റര്‍ വെര്‍ജീനിയ എന്നിവര്‍ പ്രസംഗിച്ചു.