കോഴിക്കോട്: എൽജിബിടിക്യൂ പരാമർശത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ലൈംഗിക ന്യൂനപക്ഷങ്ങളെ താൻ അടച്ചാക്ഷേപിച്ചിട്ടില്ല. പരിഗണന അർഹിക്കുന്ന (ട്രാൻസ്ജെൻഡറും ഇന്റർസെക്സും പോലുള്ള)വരുടെ പ്രയാസങ്ങൾ ഉയർത്തിപ്പിടിച്ച് അവരുടെ മറവിൽ അരാജകത്വ അജണ്ടകളെ നടപ്പിലാക്കാനുള്ള ശ്രമമാണ് ജെൻഡർ പൊളിറ്റിക്സ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് ഈ എൽജിബിടിക്യൂപ്ലസ് ആക്ടിവിസമെന്നും കെ എം ഷാജി വിമർശിച്ചു.
ട്രാൻസ്ജെൻഡർ അഥവാ പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസ്സും, അല്ലെങ്കിൽ സ്ത്രീയുടെ ശരീരവും പുരുഷന്റെ മനസ്സുമുള്ളവർ. ഇവരെ അവരുടെ ശരീരമേതാണോ അതിനനുസരിച്ച് അവരുടെ മനസ്സിനെ ശരീരത്തിലേക്ക് പരിവർത്തിപ്പിക്കാനാവശ്യമായ ചികിത്സ, കൗൺസിലിംഗ് മുതലായവയിലൂടെ മാറ്റിയെടുക്കാനാണ് ശ്രമിക്കേണ്ടത്. മനസ്സിന്റെ ‘തോന്നലുകൾ’ക്കനുസരിച്ച് അവരെ ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തുക എന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
എൽജിബിടിക്യൂവിലെ ‘എ’ എന്നാൽ അസെക്ഷ്വൽ അഥവാ വിവാഹത്തിൽ തന്നെ താല്പര്യമില്ലാത്തവർ. ഇവരെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാതിരിക്കുകയാണ് വേണ്ടത്. ഇതിനെ തുടർന്നുള്ള ++….. എന്ന ചിഹ്നമാണ് അത്യന്തം അപകടം. ഇതൊരു തുറന്ന വാതിലായതുകൊണ്ട് തന്നെ, ഇതിലേക്ക് ഇനിയും പലതും വരാനിരിക്കുന്നു. പീഡോഫീലിയ (ചെറിയ കുട്ടികളോടുള്ള ലൈംഗിക ആകർഷണം)യും, നെക്രോഫീലിയ (ശവരതി)യും, മൃഗരതിയും Incest (ബന്ധുക്കളുമായുള്ള ലൈംഗിക ബന്ധം) പോലുള്ളവയുമൊക്കെ നോർമൽ ആണെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തെ ഇന്ന് പാശ്ചാത്യ ലോകത്ത് നമുക്ക് കാണാൻ കഴിയും എന്നത് ഒരു പച്ചയായ യാഥാർഥ്യമാണെന്നും കെ എം ഷാജി പറഞ്ഞു.
ധാർമികതയും കുടുംബ സംവിധാനവും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹത്തിൽ സർക്കാർ സംവിധാനങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഈ അരാജകത്വ അജണ്ട ഒളിച്ചുകടത്താൻ ശ്രമിക്കുകയാണ്. ഇത് കണ്ടില്ലെന്ന് നടിക്കാനാക്കാവില്ല. വിശ്വാസി സമൂഹം ഇതിനെ ശക്തമായി തടയുക തന്നെ ചെയ്യും. അവരോടൊപ്പം ഈ പോരാട്ടത്തിൽ താനും മുസ്ലിം ലീഗും ഉണ്ടാകുമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ കെ എം ഷാജി പറഞ്ഞു.
എല്‍ജിബിടിക്യൂ എന്ന് കേള്‍ക്കുമ്പോള്‍ വലിയ എന്തോ കാര്യമാണെന്നാണ് വിചാരിക്കുന്നത്. എന്നാല്‍ ഇത് നാട്ടിന്‍ പുറത്തെ തല്ലിപ്പൊളി പണിയാണ്. അവര്‍ ഏറ്റവും മോശമാണെന്നും അംഗീകരിക്കാന്‍ കഴിയില്ല. സ്വവര്‍ഗരതിയെ കളര്‍ഫുള്‍ ആക്കുകയാണ്. എല്‍ജിബിടിക്യൂ എന്ന ടേം പോലും അപകടമാണ്. അടുത്ത തലമുറ ജെന്‍ഡര്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കാന്‍ പോകുകയാണെന്നും കെ എം ഷാജി നേരത്തെ പറഞ്ഞിരുന്നു.
STORY HIGHLIGHTS: KM Shaji with explanation on LGBTQ reference