ന്യൂഡൽഹി: 2024 ജനുവരി ഒന്നിന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ത്രിപുരയിൽ ബിജെപിയുടെ എട്ട് ദിവസം നീണ്ട് നിൽക്കുന്ന രഥയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനുള്ള നാഴികകല്ലാണ് രാമക്ഷേത്രമെന്ന് അമിത് ഷാ പറഞ്ഞു.
‘രാമക്ഷേത്ര നിർമ്മാണത്തിന് തടസ്സം നിന്ന കോൺഗ്രസ് കോടതി കയറിയിറങ്ങി. സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രധാന മന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിർമ്മാണത്തിന് ശിലസ്ഥാപനം നടത്തിയിരുന്നു.’ അമിത് ഷാ പറഞ്ഞു. ഒപ്പം അടുത്ത വർഷം ജനുവരി ഒന്നിന് രാമക്ഷേത്രം സജ്ജമാകുന്ന അയോധ്യയിലേക്ക് എത്തുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് ഷാ ജനങ്ങളോട് അഭ്യർത്ഥിച്ചു.
2019 നവംബറിൽ സുപ്രീംകോടതി വിധിയിലൂടെയാണ് അയോധ്യയിലെ തർക്കഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് ലഭിച്ചത്. ഭൂമി രാമക്ഷേത്രത്തിന് നൽകണമെന്നും പള്ളിപണിയാൻ അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽ തന്നെ നൽകണമെന്നായിരുന്നു കോടതി വിധി. തുടർന്ന് ഇവിടെ താൽക്കാലികമായി കെട്ടിയുയർത്തിയ ക്ഷേത്രത്തിൽ പൂജിച്ചിരുന്ന രാം ലല്ല വിഗ്രഹം ആചാരാഘോഷങ്ങളോടെ പുതിയ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചിരുന്നു.
STORY HIGHLIGHTS: Ram Mandir to be ready by Jan 1 2024 Amit Shah