കൊച്ചി: അപകടത്തിൽ പരിക്കേറ്റ് ആറ് മാസത്തോളമായി കോമ സ്ഥിതിയിൽ കഴിയുന്ന ഒൻപത് വയസുകാരിയുടെ ദുരിതവും പൊലീസ് അനാസ്ഥയും സംബന്ധി വാർത്തയിൽ ഹൈക്കോടതി നടപടി. സംഭവത്തിൽ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. ജസ്റ്റിസ് പിജി അജിത് കുമാർ, അനിൽ കെ നരേന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് എടുത്തത്. ഇന്ന് കോടതി കേസ് പരിഗണിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് 9 വയസ്സുകാരി ദൃഷാന ചികിത്സയിൽ കഴിയുന്നത്. കുട്ടിയെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ കാർ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. വടകര ചോറോട് നടന്ന അപകടത്തിൽ കുട്ടിയുടെ മുത്തശ്ശിയും മരിച്ചിരുന്നു. നിർധന കുടുംബം ആറ് മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജിലാണ് കഴിയുന്നത്.