ന്യൂയോര്‍ക്ക്: പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ അതിശൈത്യത്തിലുണ്ടായ മഞ്ഞുവീഴ്ച്ചയിലും കൊടുങ്കാറ്റിലും വന്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. ക്രിസ്മസ് ദിനത്തില്‍ കഠിനമായ ശൈത്യവും ഹിമപാതവുമാണ് രാജ്യത്ത് അനുഭവപ്പെട്ടത്. ‘നൂറ്റാണ്ടിലെ മഞ്ഞുവീഴ്ച്ച’ എന്ന് അധികാരികള്‍ വിശേഷിപ്പിച്ച കനത്ത മഞ്ഞുവീഴ്ച്ചയിലും കൊടുങ്കാറ്റിലും ന്യൂയോര്‍ക്കില്‍ ഇതുവരെ 27 മരണവും യുഎസില്‍ ഉടനീളം 60 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിരവധി ആളുകള്‍ പല സ്ഥത്തായി കുടുങ്ങിക്കിടക്കുന്നെന്നും വിവരങ്ങളുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂയോര്‍ക്കിലെ ബഫലോയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതെന്നാണ് ഔദ്യോഗിക വിവരം. കനത്ത മഞ്ഞുവീഴ്ച്ചയില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വാഹനങ്ങള്‍ക്കുള്ളില്‍ നിന്നും മറ്റുമാണ് കണ്ടെത്തിയത്. ബഫലോയ്ക്ക് ചുറ്റുമുള്ള മഞ്ഞുവീഴ്ചയുള്ള പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്നുള്ള കൊടുങ്കാറ്റില്‍ വന്‍ ഗതാഗതകുരുക്കും അനുഭവപ്പെട്ടു. റോഡരികില്‍ കാറുകളും ബസുകളും ആംബുലന്‍സുകളും ടോറസ് ട്രക്കുകളും കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. പല ഇടങ്ങളിലേക്കും അടിയന്തര സഹായങ്ങള്‍ പോലും എത്തിക്കാന്‍ പറ്റാത്തവിധം കനത്ത മഞ്ഞുവീഴ്ചയാണ്.
അതിശൈത്യത്തില്‍ മഞ്ഞ് മൂടിയ തെരുവുകള്‍ വൃത്തിയാക്കാനും വൈദ്യസഹായം ആവശ്യമുള്ളവര്‍ക്ക് എത്തിക്കാനും അധികൃതര്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകുന്നുണ്ട്. ആശുപത്രിയിലേക്കുള്ള യാത്രാ സൗകര്യത്തിനായി ഹൈലിഫ്റ്റ് ട്രാക്ടറുകള്‍ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച വരെ പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ചില പ്രദേശങ്ങളില്‍ 23 സെന്റീമീറ്റര്‍ വരെ മഞ്ഞ് വീഴാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിയാണ് കൊടുങ്കാറ്റിന്റെ തീവ്രതയ്ക്ക് കാരണമായതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ജീവന്‍ അപകടത്തിലാവുന്ന വിധത്തിലാണ് കാലാവസ്ഥാ മാറ്റമെന്നും ആരും വീടിന് പുറത്തിറങ്ങരുതെന്നും പലയിടങ്ങളിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Story Highlights: Winter storm kills 60 across US, Buffalo worst hit