ന്യൂഡല്‍ഹി: പഞ്ചാബില്‍ ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി. അമൃത്‌സറിലെ ഇന്ത്യ-പാക് അതിര്‍ത്തിയ്ക്ക് സമീപമാണ് അഞ്ച് കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അമൃത്‌സര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയുള്ള കക്കര്‍ ഗ്രാമത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് അഞ്ച് കിലോഗ്രാം ഹെറോയിന്‍ കണ്ടെത്തിയതെന്ന് ഡിജിപി ഗൗരവ് യാദവ് ട്വീറ്റ് ചെയ്തു.
യുഎസിലും ചൈനയിലുമായി ഉത്പാദിച്ച ഭാഗങ്ങള്‍ ഉപയോഗിച്ച് പ്രാദേശികമായി നിര്‍മിച്ച ഡ്രോണ്‍ ആണ് ലഹരിക്കടത്തിനായി ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവര്‍ ലഹരിക്കടത്ത് സംഘത്തില്‍പ്പെട്ടവരാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
STORY HIGHLIGHTS: Drone carrying heroin shot near India-Pak border in Amritsar Punjab