തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും സംവിധായകനായ അടൂർ ഗോപാലകൃഷ്ണനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടൂർ അന്തർദേശീയ തലത്തിൽ മലയാള സിനിമയെ എത്തിച്ചു. അതിപ്രശസ്തമായ സാഹിത്യകൃതികൾക്ക് ദൃശ്യ ഭാഷ നൽകിയത് അടൂരിന്റെ വലിയ സംഭാവനയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശാഭിമാനി വാർഷികാഘോഷ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘അടൂർ ഗോപാലകൃഷ്ണന്റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തിലായിരിക്കും. അതിനാലാണ് മലയാള സിനിമയെ സ്വയംവരത്തിന് മുൻപും സ്വയംവരത്തിന് ശേഷവും എന്ന് വിഭജിക്കുന്നത്. അന്തർദേശീയ തലത്തിൽ മലയാള സിനിമയുടെ ബ്രാൻഡായി അടൂർ ഗോപാലകൃഷ്ണൻ മാറി. അതിപ്രശസ്തമായ സാഹിത്യകൃതികൾക്ക് ദൃശ്യ ഭാഷ നൽകിയത് അടൂരിന്റെ വലിയ സംഭാവനയാണ്. പുത്തൻ സിനിമ സങ്കല്പത്തിന് നിലനിൽപ്പ് നേടികൊടുക്കുകയാണ് അടൂർ ചെയ്തത്’, മുഖ്യമന്ത്രി പറഞ്ഞു. ദേശാഭിമാനി പുരസ്കാരം അടൂരിന് മുഖ്യമന്ത്രി സമ്മാനിക്കുകയും ചെയ്തു.
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ജാതി വിവേചനത്തെ തുടർന്നുള്ള വിവാദങ്ങളിൽ അടൂരിന് പരസ്യ പിന്തുണയുമായി സിപിഐഎം നേതാവ് എം എ ബേബി എത്തിയിരുന്നു. അടൂരിനെ ജാതിവാദി എന്നു വിളിക്കുന്നത് ഭോഷ്കാണെന്നും നിരുത്തരവാദപരമായ വ്യക്തിഹത്യ മാത്രമാണെന്നാണ് എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരേയും വിദ്യാർത്ഥികളേയും കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ അഡക്ഷേപിച്ചതും ഏറെ ചർച്ചയായിരുന്നു. സ്ഥാപനത്തിലെ വനിത ജീവനക്കാർ പറഞ്ഞതെല്ലാം കളവ് ആണ്. നേരത്തെ അഭിമുഖങ്ങളൊന്നും നൽകാൻ കഴിയാത്തവരെ ട്രെയ്നിങ് നൽകി സംസാരിപ്പിച്ചത് ആണ്. ഇപ്പോൾ ശുചീകരണത്തൊഴിലാളികൾ വിമൻ ഇൻ സിനിമ കളക്ടീവിലെ അംഗങ്ങളെ പോലെ നന്നായി ഉടുത്തൊരുങ്ങിയാണ് വരുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ അധിക്ഷേപിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളേയും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു. പഠിക്കാൻ വരുന്നവർ സമരം ചെയ്യില്ല. വിദ്യാർത്ഥികൾ ആരെയാണ് തോൽപ്പിക്കാൻ ശ്രമിക്കുന്നത്. ഫ്രീഡത്തെ കുറിച്ചുള്ളത് തെറ്റിദ്ധാരണയാണ്. ഉള്ള സമയം ഏറ്റവും കൂടുതല്‍ സിനിമയെ കുറിച്ച് പഠിച്ച്, സിനിമ കണ്ട്, സ്വപ്നം കണ്ട് ജീവിക്കണം. എന്റെ അധ്യാപകരില്‍ നിന്നും ഞാന്‍ പഠിക്കാന്‍ വന്നതാണ് എന്ന ധാരണയുണ്ടെങ്കിലേ ശരിയാവുകയുള്ളൂ. ഇവരോടൊക്കെ പുച്ഛമുള്ളൊരുത്തന്‍ ഇവിടെ പഠിക്കാന്‍ വരരുത്. അവര്‍ എത്രയും വേഗം പിരിഞ്ഞുപോവണമെന്നും അടൂർ പറഞ്ഞു.
story highlights: chief minister pinarayi vijayan praises adoor gopalakrishnan