ന്യൂഡല്‍ഹി: ജനുവരിയില്‍ ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസങ്ങള്‍ നിര്‍ണ്ണായകമാണെന്നും മുതിര്‍ന്ന ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. വീണ്ടുമൊരു കൊവിഡ് തരംഗത്തിന് സാധ്യതയുണ്ട്. ഒമിക്രോണ്‍ സബ് വേരിയന്റ് ആയ ബിഎഫ് 7 വൈറസ് ആണ് പടര്‍ന്നേക്കുകയെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
‘കിഴക്കന്‍ ഏഷ്യയില്‍ എത്തി, ഏകദേശം 30-35 ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് 19ന്റെ പുതിയ തരംഗം ഇന്ത്യയില്‍ എത്തിയതായി മുന്‍പേ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാപനമുണ്ടാക്കുന്ന ആഘാതം വലുതായിരിക്കില്ല. തരംഗം ഉണ്ടായാല്‍ തന്നെ മരണ നിരക്ക് വളരെ കുറവായിരിക്കും. ആശുപത്രി ചികിത്സയും മുന്‍പത്തേത് പോലെ വേണ്ടി വരില്ല,’ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ചൈനയും ദക്ഷിണ കൊറിയയും ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ കൊവിഡ് 19 കേസുകളില്‍ വലിയ വര്‍ധനയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇതിനേത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഏത് സാഹചര്യത്തിനും തയ്യാറെടുക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുമുണ്ട്.
ബിഎഫ് 7 സബ് വേരിയന്റിന്റെ വ്യാപന തീവ്രത വളരെ ഉയര്‍ന്നതാണെന്നും രോഗബാധിതനായ ഒരാളില്‍ നിന്ന് 16 പേര്‍ക്ക് കൂടി രോഗം ബാധിക്കാമെന്നും ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. പുതിയ കൊവിഡ് തരംഗത്തെ നേരിടാനുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും യോഗം ചേര്‍ന്നിരുന്നു.
STORY HIGHLIGHTS: Next 40 days going to be crucial as India may see surge in Covid cases in January