മലപ്പുറം> ജില്ലയിൽ പടർന്നുപിടിക്കുന്ന അഞ്ചാംപനിയെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പും ജില്ലാ ഭരണകേന്ദ്രവും ശക്തമായ നടപടികളുമായി മുന്നോട്ട്. ഞായറാഴ്ചയും വിവിധയിടങ്ങളിലായി വാക്സിനേഷൻ ക്യാമ്പുകൾ നടത്തി. കുട്ടികൾക്ക് വാക്സിൻ നൽകാൻ വിമുഖത കാട്ടുന്ന രക്ഷിതാക്കളെ കണ്ടെത്തി ബോധവൽക്കരിക്കാനുള്ള പ്രവർത്തനങ്ങളും അധികൃതർ നടത്തുന്നുണ്ട്. അതിനിടെ ജില്ലയിലെ രണ്ടു പ്രദേശങ്ങളിൽ ഷിഗെല്ല സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ നടപടികൾ തുടങ്ങി.
ജില്ലയിൽ 60 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമാണ് കുട്ടികളിലെ അഞ്ചാംപനി സ്ഥിരീകരിച്ചത്. ശനിയാഴ്ചവരെ 323 കുട്ടികൾക്കായിരുന്നു രോഗബാധ. പ്രതിരോധ വാക്സിൻ സ്വീകരിക്കാത്ത കുട്ടികളിലാണ് അഞ്ചാംപനി പടർന്നത്. സ്കൂളുകളിൽ വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും ബോധവൽക്കരണ പ്രവർത്തനം നടത്തുന്നുണ്ട്. എന്നാൽ ഒരു സ്കൂളിലെ രണ്ടായിരത്തോളം കുട്ടികൾ വാക്സിനെടുത്തിട്ടില്ല. വാക്സിൻ നൽകാമെന്ന് സ്കൂൾ അധികൃതർ സമ്മതിച്ചിട്ടുണ്ട്. തിങ്കളാഴച ജില്ലാ വികസന കമീഷണർ ഇവരുമായി സംസാരിക്കും. 97,356 കുട്ടികൾ ഒന്നാം ഡോസും 1,16,994 പേർ രണ്ടാം ഡോസും എടുക്കാനുണ്ടെന്നായിരുന്നു കണ്ടെത്തൽ. സമ്പൂർണ വാക്സിനേഷനായി തീവ്രയത്ന പരിപാടി ആരോഗ്യവകുപ്പും ജില്ലാ അധികൃതരും ആരംഭിച്ചെങ്കിലും വിമുഖതകാരണം ഇതിന്റെ നാലിലൊന്നുപോലും വാക്സിൻ സ്വീകരിച്ചിട്ടില്ല.
വില്ലനായി ഷിഗെല്ലയും
മൂന്നിയൂർ സ്വദേശിയായ പത്തുവയസുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ മരിച്ചത് ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ, പ്രദേശത്ത് പ്രതിരോധ നടപടികൾ തുടങ്ങി. കിണറുകളിൽ വെള്ളം ക്ലോറിനൈസ് ചെയ്ത് ശുദ്ധീകരിച്ചു. മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രദേശം സന്ദർശിച്ചു. മരിച്ച കുട്ടിയുടെ കുടുംബത്തിലുള്ളവർക്ക് രോഗലക്ഷണമുണ്ട്. അയൽപക്കത്തെ ചില വീടുകളിലുള്ളവരിലും രോഗത്തിന്റെ ലക്ഷണമുണ്ട്. ഇവർക്ക് കുപ്പിവെള്ളം വിതരണംചെയ്തു. ഒരേ ഉറവിടത്തിൽനിന്നുള്ള വെള്ളം ഉപയോഗിച്ചതാകാം കാരണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ഡിഎംഒ പറഞ്ഞു.
മൂന്നിയൂരിൽ മരിച്ച കുട്ടിയുടെ കുടുംബം നന്നമ്പ്രയിലാണ് ഇപ്പോൾ. ഇവരെ ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടിട്ടുണ്ട്. രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജലത്തിലൂടെ പടരുന്ന രോഗമാണ് ഷിഗെല്ല.