പത്തനംതിട്ട: ശബരിമലയിൽ ദേവസ്വം ബോർഡിന് ഇത്തവണ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം. എണ്ണിത്തീർക്കാൻ കഴിയാതെ ഭണ്ഡാരത്തിൽ നാണയങ്ങൾ കുമിഞ്ഞു കൂടിയിരിക്കുകയാണ്. ഇതുവരെ എണ്ണിയതിൽ 315.46 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 13, 14, 15 തീയതികളിൽ കാണിക്കായായി ലഭിച്ച നോട്ടുകളാണ് എണ്ണുന്നത്.
ഭണ്ഡാരം കെട്ടിടത്തിന്റെ മൂന്ന് ഭാഗത്തായി നാണയങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. മണ്ഡല കാലം മുതലുളള നാണയങ്ങൾ ഇവിടെയുണ്ട്. കഴിഞ്ഞ 12 വരെയുളള കണക്ക് പ്രകാരം 310.40 കോടി രൂപയായിരുന്നു വരുമാനം. നാണയങ്ങൾ എണ്ണി എടുക്കണോ അതോ തൂക്കി എടുക്കണോ എന്ന സംശയത്തിലാണ് ദേവസ്വം ബോർഡ്. നിലവിൽ നോട്ട് എണ്ണുന്നതിന് ധനലക്ഷമി ബാങ്ക് ആറ് ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചിട്ടുണ്ട്.
ഒരേ മൂല്യമുളള നാണയങ്ങൾ പലതരത്തിലുണ്ട്. ഭാരം കൂടിയതും കുറഞ്ഞതുമായ നാണയങ്ങൾ ഉണ്ട്. അതിനാൽ തൂക്കി എടുക്കുന്നത് ദേവസ്വം ബോർഡിനു നഷ്ടം ഉണ്ടാക്കുമെന്നു 2019ൽ വിജിലൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. തീർത്ഥാടകർ കാണിക്കയായി നൽകിയ നോട്ടുകളിൽ ചിലത് നശിച്ചിട്ടുണ്ട്. സോപാനത്തിടുന്ന കാണിക്ക കൺവയർ ബെൽറ്റ് വഴി നേരെ പണം എണ്ണുന്ന ഭണ്ഡാരത്തിൽ എത്തുകയാണ് ചെയ്യുക. സോപാനത്തെ വലിയ ചെമ്പിൽ അയ്യപ്പന്മാർ അർപ്പിച്ച കാണിക്കയും കുമിഞ്ഞ് കൂടിയത് കൺവെയർ ബെൽറ്റിൽ നോട്ടുകൾ ഞെരുങ്ങി കീറിപ്പോവുന്നതിന് കാരണമാവുകയായിരുന്നു. ഇരുമുടിക്കെട്ടിലെ വെറ്റിലയും അടയ്ക്കയും അഴുകിയതും നോട്ടുകൾ ജീർണ്ണിക്കുന്നതിന് കാരണമായി. കെട്ടഴിച്ച് എണ്ണിത്തിട്ടപ്പെടുത്താൻ വൈകിയതാണ് കാരണം.
തിങ്കളാഴ്ച മുതൽ അന്നദാന മണ്ഡപത്തിലെ ഒരു മുറിയിലുളള കാണിക്കയും എണ്ണിത്തിട്ടപ്പെടുത്തൽ തുടങ്ങിയിട്ടുണ്ട്. എണ്ണിത്തീരാത്തതിനാൽ എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്ന് 60 ജീവനക്കാരെ പുതിയതായി എത്തിച്ചാണ് ഇതിൽ കാണിക്ക എണ്ണുന്നത്. ശബരിമലയിലേക്കുളള തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞിട്ടുണ്ട്.
STORY HIGHLIGHTS: Sabarimala received the biggest income in history