തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നൈ എന്‍ഐഒടിയുടെ പുതിയ പഠന റിപ്പോര്‍ട്ട്. 2022 ലെ വാര്‍ഷിക പഠന റിപ്പോര്‍ട്ടിന്റെ കരടിലാണ് കണ്ടെത്തല്‍. വലിയ തീരശോഷണം നേരിടുന്ന വലിയതുറ, ശംഖുമുഖം സ്ട്രെച്ചില്‍ അടുത്ത വര്‍ഷങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ട് തീരം സ്ഥിരപ്പെടുമെന്നും എന്‍ഐഒടിയുടെ പഠനത്തില്‍ പറയുന്നു.
2021 ഒക്ടോബര്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് എന്‍ഐഒടിയുടെ പഠനം നടന്നത്. വെട്ടുകാട്, വലിയതുറ, പനത്തുറ മുതല്‍ പൂന്തുറ, കോവളം, അടിമലത്തുറ, പുല്ലുവിള, പൂവാര്‍, എടപ്പാട് എന്നിവിടങ്ങളില്‍ തീരശോഷണം വ്യക്തമാണ്. തുമ്പ – ശംഖുമുഖം, പുല്ലുവിള – പൂവാര്‍ സ്ട്രെച്ചിലാണ് ഈ കാലയളവില്‍ തീരം വെയ്പ്പ് കണ്ടെത്തിയത്. തുറമുഖ നിര്‍മാണത്തിന് തീരശോഷണത്തിലോ, തീരം വയ്പ്പിലോ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ ആയിട്ടില്ലെന്നാണ് വിലയിരുത്തല്‍.
ന്യൂനമര്‍ദ്ദങ്ങള്‍ അടക്കമുള്ള ആവര്‍ത്തിച്ചുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളെയാണ് മാറ്റങ്ങള്‍ക്ക് കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. തീരശോഷണം രൂക്ഷമായ ഹോട്ട് സ്പോട്ടുകള്‍ നിര്‍മ്മാണ സ്ഥലത്ത് നിന്നും 13-15 കിലോ മീറ്റര്‍ അകലെയാണ്. പൂന്തുറ-ഭീമാപള്ളി ഭാഗത്തെ പുലിമുട്ട് നിര്‍മാണമാണ് വലിയതുറയില്‍ തീരശോഷണം ഗുരുതരമാകാന്‍ കാരണം.
മുന്‍വര്‍ഷങ്ങളിലെ കണ്ടെത്തലുകള്‍ തന്നെയാണ് 2022ലെ പഠന റിപ്പോര്‍ട്ടിലും എന്‍ഐഒടി ചൂണ്ടിക്കാട്ടുന്നത്. സമരത്തെ തുടര്‍ന്ന് തീരശോഷണം പരിശോധിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പഠനം തുടങ്ങാനിരിക്കെയാണ് പാരിസ്ഥിക ആഘാത പഠനം നടത്തുന്ന എന്‍ഐഒടി വീണ്ടും തുറമുഖ നിര്‍മാണത്തെ അനുകൂലിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്.
Story highlights: NIOT New study report says that coastal erosion not due to Vizhinjam Port construction