ന്യൂഡല്‍ഹി: നേപ്പാളിലെ പൊഖാറയില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനദുരന്തത്തിന്റെ തൊട്ട് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ മരിച്ച ഇന്ത്യക്കാരനായ സോനു ജയസ്വാള്‍ എന്ന യുവാവാണ് വിമാനം തകരുന്നതിന് തൊട്ട് മുന്‍പുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ട് മുന്‍പ് യുവാവ് ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു. ലൈവിന്റെ തുടക്കം സന്തോഷം നിറഞ്ഞ മുഖത്തോടെയാണ് സോനുവിനെ കാണുന്നത്. എന്നാല്‍ പിന്നീട് വിമാനം തകരുന്നതും തീപിടിക്കുന്നതും യാത്രക്കാര്‍ കരയുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിമാന അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ നിന്നാണ് അപകട ദൃശ്യങ്ങള്‍ ലഭിച്ചത്.
വിമാനത്തിനുള്ളില്‍ ഇരിക്കുന്ന യാത്രക്കാരുടെയും താഴെയുള്ള നഗരത്തിന്റെയും ദൃശ്യങ്ങള്‍ ലൈവില്‍ കാണാം. വിന്‍ഡോ സീറ്റിലിരുന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പെട്ടെന്ന് വിമാനം ചരിയുന്നതും സ്ഫോടനം ഉണ്ടാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിമാനദുരന്തത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ അടക്കം 68 പേരാണ് കൊല്ലപ്പെട്ടത്.
കാഠ്മണ്ഡുവില്‍ നിന്നുള്ള യതി എയര്‍ലൈന്‍സിന്റെ വിമാനം പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാന്റിങ്ങിനിടെ സമീപത്തെ മലയിടുക്കില്‍ തകര്‍ന്ന് വീഴുകയായിരുന്നു. 68 പേരുടെ മൃതദേഹം കണ്ടെടുത്തു. ലഭിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടി ക്രമങ്ങള്‍ ഇന്ന് ആരംഭിക്കും. നേപ്പാളില്‍ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
STORY HIGHLIGHTS: Nepal crash Captured by Passenger during Facebook live from Plan