സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്നടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗത്തെപ്പറ്റി ഏറെ ചർച്ചചെയ്യുന്ന സന്ദർഭമാണ് ഇത്. ഇവയ്ക്കെതിരെ നടപടികളും ബോധവൽക്കരണവും ശക്തമായി തുടരുകയാണ്. നിതാന്ത ജാഗ്രതയും സാമൂഹ്യ ഇടപെടലും അനിവാര്യമായ വിഷയമാണിത്.
പല പേരിലും രൂപങ്ങളിലും പലവിധത്തിലുമുള്ള മാരക ലഹരിപദാർഥങ്ങൾ നമ്മുടെ അരികിലേക്ക് എത്തുന്നുണ്ട്. പ്രത്യേകിച്ച് സ്കൂൾ, കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട്. പുകവലിയോ, മദ്യത്തിനോ അപ്പുറം പതിന്മടങ്ങ് അപകടകരമായ കഞ്ചാവ്, എംഡിഎംഎ, കൊക്കയ്ൻ, എൽഎസ്ഡി തുടങ്ങി നിരവധി ലഹരിപദാർഥങ്ങൾവരെ.
ഹാലൂസിനോജനുകൾ
നമ്മുടെ ചിന്തകളെയും മനസികാവസ്ഥകളെയും ഒറ്റയടിക്ക് മാറ്റാൻ കഴിയുന്ന രാസവസ്തുക്കളാണ് ഹാലൂസിനോജനുകൾ (Hallucinogens). അപകടകാരികളായ കഞ്ചാവ് , എംഡിഎംഎ (MDMA Methylenedioxy-methylamphetamine), എൽഎസ്ഡി (Lysergic Acid diethylamide) എന്നിവ ഹാലൂസിനോജനുകൾ എന്ന ഗണത്തിലാണ് വരുന്നത്. എംഡിഎംഎ എന്നു വിളിക്കുന്ന മാരകമായ മയക്കുമരുന്ന് ആഗോളതതലത്തിൽ ഇപ്പോൾ വ്യാപകമാകുകയാണ്. ഒരു മനുഷ്യായുസ്സിനെ അപ്പാടെ തകർത്തുകളയാൻ കഴിയുന്ന രാസപദാർഥങ്ങളാണ് എംഡിഎംഎ പോലെയുള്ള മയക്കുമരുന്നുകൾ. 1912ൽ ജർമനിയിലാണ് ആദ്യമായി ഈ വസ്തു കണ്ടെത്തുന്നത്. രക്തസ്രാവം കുറയ്ക്കുന്നതിനുള്ള മരുന്നായാണ് അത് ആദ്യം ഉപയോഗിച്ചത്. 1914ൽ മെർക് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി പേറ്റന്റ് സ്വന്തമാക്കി. 1950 കളിൽ അമേരിക്കൻ ചാരസംഘടനയായ സിഐഎ അവരുടെ ‘പ്രോജക്ട് എംകെ അൾട്രാ’യുടെ ഭാഗമായി മനുഷ്യന്റെ മനസ്സ് ‘നിയന്ത്രിക്കാനും’ അതുവഴി ചാവേറുകളെ സജ്ജരാക്കുവാനുമായി എംഡിഎംഎ പരീക്ഷിച്ചു. ഡോ. ബ്രണ്ണറും സംഘവുമാണ് നേതൃത്വം നൽകിയത്. എന്നാൽ, ഇത് പരീക്ഷിച്ചവരിൽ ശാരീരികമായ ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കി. നിരവധി പേർ മരിക്കുകയും ചെയ്തു.
എൺപതുകളിൽ ഇവ അമേരിക്കയിലെ പാർട്ടികളിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും ‘വാർ ഓൺ ഡ്രഗ്സി’ന്റെ ഭാഗമായി ഇതിനെ ‘ഷെഡ്യൂൾ1′ വിഭാഗത്തിൽപ്പെടുത്തി നിരോധിച്ചു. ഇത് ഉപയോഗിക്കുമ്പോൾ തലച്ചോറിൽ സെറട്ടോണിൻ (Seratonin) കൂടുതലായി ഉൽപ്പാദിപ്പിക്കുകയും തൽഫലമായി ആ സമയങ്ങളിൽ അമിതമായ ആനന്ദമുണ്ടാകുകയും ചെയ്യുന്നു. എന്നാൽ, തുടർച്ചയായി ഉപയോഗിക്കുമ്പോൾ ശരീരത്തിൽ സെറട്ടോണിന്റെ അളവ് കുറയുകയും വിഷാദരോഗങ്ങളിലേക്ക് വീഴുകയും ചെയ്യുന്നു. അങ്ങനെ മെല്ലെമെല്ലെ അത് തലച്ചോറിലെയും കിഡ്നിയിലെയും കോശങ്ങളെ നശിപ്പിക്കും. ഒടുവിൽ മരണത്തിലേക്ക് നയിക്കും.
കഞ്ചാവ്
കഞ്ചാവ്(Cannabis) പുകച്ചുവലിക്കുമ്പോൾ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഹൈഡ്രജൻ സയനൈഡ്, അമോണിയ എന്നിവയാണ് ഇവയുടെ പുകയിലൂടെ ശ്വാസകോശങ്ങളിൽ എത്തിച്ചേരുന്നത്. ഇവ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. അർബുദം ഉണ്ടാക്കുന്ന രാസവസ്തുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കും. ഇവ ഉപയോഗിച്ചുകഴിഞ്ഞാൽ ചുരുങ്ങിയ മിനിറ്റുകൾക്കുള്ളിൽ നമ്മുടെ ഹൃദയമിടിപ്പ് 20 മുതൽ 50 ശതമാനംവരെ വർധിക്കാം. അത് മൂന്നു മണിക്കൂർവരെ നീണ്ടുനിൽക്കുകയും ചെയ്യാം. ഇത് ഹൃദയത്തിന് കൂടുതൽ സമ്മർദമുണ്ടാക്കി ഹൃദയാഘാതത്തിലേക്ക് നയിക്കാം. മാത്രമല്ല, ഡോപമിൻ ഹോർമോൺ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്നതിലൂടെ കേന്ദ്ര നാഡീവ്യവസ്ഥയെപ്പോലും ദോഷമായി ബാധിക്കും.
ലഹരി അടിമത്തം
ഒരേസമയം മനസ്സിനെയും ശരീരത്തെയും അടിമയാക്കാൻ മയക്കുമരുന്നുകൾക്ക് കഴിയുന്നു. ആദ്യ ഉപയോഗത്തിൽത്തന്നെ കടുത്ത അടിമകളാക്കിമാറ്റും. ലഹരിയോടുള്ള അടിമത്തം മസ്തിഷ്കരോഗമാണ്. മസ്തിഷ്കത്തിലെ ആനന്ദപാത (Pleasure Pathway) എന്നൊരു നാളിയുണ്ട്. അവിടെ ‘ഡോപമിൻ’ ഹോർമോൺ പുറപ്പെടുവിക്കുമ്പോഴാണ് ആനന്ദമുണ്ടാകുന്നത്. ലഹരിവസ്തുക്കൾ നിരന്തരം ഉപയോഗിക്കുമ്പോൾ ഈ ‘ആനന്ദപാത’യ്ക്കുമേൽ ഈ വസ്തുക്കൾ ആധിപത്യം സ്ഥാപിക്കും. അതിനാൽ പിന്നീട് ആ ആനന്ദം ലഭിക്കണമെങ്കിൽ ആ വസ്തുക്കൾത്തന്നെ വീണ്ടും ഉപയോഗിക്കേണ്ട അവസ്ഥ സംജാതമാകുന്നു. ഇത് വലിയ അപകടത്തിൽ എത്തിക്കുകയും ചെയ്യും.
ലഹരിയിലേക്ക് എത്തിപ്പെടാതിരിക്കുക എന്നതുമാത്രമാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മാർഗം. ബോധവൽക്കരണംകൊണ്ടും ശക്തമായ നിയമനടപടികൾകൊണ്ടും സാമൂഹ്യ ഇടപെടൽകൊണ്ടും ഈ ദുരന്തത്തെ അകറ്റാനാകും.