മുംബൈ: മുംബൈ ആരുടേയും പിതാവിന്റെ വകയല്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന കര്‍ണാടക മന്ത്രി ജെ മധുവിന്റെ പരാമര്‍ശത്തെ അപലപിച്ചുകൊണ്ടാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ മറുപടി. വിഷയം കര്‍ണാടക സര്‍ക്കാരിന്റേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടേയും ശ്രദ്ധയില്‍കൊണ്ടുവരുമെന്നും ഫഡ്നാവിസ് പറഞ്ഞു. ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നവര്‍ക്കുള്ള മറുപടി അമിത്ഷാ നല്‍കുമെന്നും ഫഡ്നാവിസ് പറഞ്ഞു.
നിയമസഭയിലായിരുന്നു മഹാരാഷ്ട്രക്കെതിരായ കര്‍ണാടക മന്ത്രിയുടെ കടന്നാക്രമണം. ‘കര്‍ണാടക ബെലഗാവിയെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്രയിലെ നേതാക്കള്‍ തീരുമാനമെടുത്തിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളാക്കാന്‍ കഴിയുന്ന രണ്ടോ മൂന്നോ നഗരങ്ങള്‍ രാജ്യത്ത് ഉണ്ടെന്ന് ഞാന്‍ അവരോട് പറയാന്‍ ആഗ്രഹിക്കുകയാണ്. അതില്‍ ഒന്ന് മുംബൈയാണ്. രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവരാണെങ്കില്‍ മുംബൈ ഒരു കേന്ദ്രഭരണ പ്രദേശമാക്കണമെന്ന പ്രഖ്യാപനം നടത്തൂ.’ എന്നായിരുന്നു മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇതിനോട് ചേര്‍ത്തുകൊണ്ട് കര്‍ണാടകയിലെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും പറഞ്ഞു.
തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സഭയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രകോപനപരമായ മറുപടി. ‘മുംബൈ മഹാരാഷ്ട്രയുടേതാണ്. ആരുടേയും പിതാവിന്റെ വകയല്ല. മുംബൈക്ക് മേലുള്ള അവകാശവാദത്തെ ഞങ്ങള്‍ ചെറുക്കും. വിഷയം കര്‍ണാടക സര്‍ക്കാരിന്റേയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്തും.’ ഫഡ്നാവിസ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് അജിത് പവാറാണ് ഇത്തരമൊരു വിഷയത്തിലേക്ക് ശ്രദ്ധകൊണ്ടുവന്നത്. മുംബൈ കര്‍ണാടകയിലാണെന്ന ബിജെപി എംഎല്‍എ ലക്ഷ്മ്ണ്‍ സാവദിയുടെ പരാമര്‍ശം മറാത്തി ജനതയുടെ മുറിവിലേക്ക് ഉപ്പ് തേച്ചത് പോലെയായി എന്നായിരുന്നു അജിത് പവാര്‍ പറഞ്ഞത്.
മുംബൈ അതിര്‍ത്തി തര്‍ക്കം സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ ഇരുസംസ്ഥാനങ്ങളും ഇതില്‍ പുതിയ വിവാദങ്ങള്‍ ഉന്നയിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. അമിത്ഷാ ഇരുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് തീരുമാനം.
Story Highlights: Mumbai not to anyone’s father said Devendra Fadnavis