സ്കോർപ്പിയോയുടെ രണ്ട് പതിറ്റാണ്ട്, സ്കോർപ്പിയോ ക്ലാസിക് ലോഞ്ച് ചെയ്ത് ആഘോഷിക്കുകയാണ് മഹീന്ദ്ര! മഹീന്ദ്രയുടെ സ്കോർപ്പിയോ എൻ ലോഞ്ച് ചെയ്ത അവസരത്തിൽ ക്ലാസിക് സ്കോർപ്പിയോ തുടരുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. പഴയ സ്കോർപ്പിയോയുടെ ഔട്ട്ലൈൻ നിലനിർത്തി സമകാലിക ഇന്റീരിയറും ശക്തിയേറിയ പുതിയ എൻജിനും സ്കോർപ്പിയോ ക്ലാസിക്കിന് മേന്മ കൂട്ടും.
മുഴുവനായും അലുമിനിയത്തിൽ നിർമിച്ച രണ്ടാം തലമുറ എം ഹവ്ക് എൻജിനാണ് സ്കോർപ്പിയോ ക്ലാസിക്കിന്റെ ശക്തിക്കുറവിടം. 1000 ആർപിഎമ്മിൽ 230 ന്യൂട്ടൻ മീറ്ററാണ് ഈ എൻജിന്റെ ലോ എൻഡ് ടോർക്ക്. 300 ന്യൂട്ടൻ മീറ്ററാണ് പീക്ക് ടോർക്ക്! മുഴുവനായും അലുമിനിയത്തിൽ നിർമിച്ചതിനാൽ ഏകദേശം 55 കിലോഗ്രാം ഭാരം കുറയ്ക്കാൻ കഴിഞ്ഞു. പഴയ എൻജിനേക്കാൾ 14 ശതമാനമാണ് ഇന്ധനക്ഷമത കൂട്ടാൻ സാധിച്ചത്. പുതിയ മാനുവൽ 6 സ്പീഡ് കേബിൾ ഷിഫ്ട് സ്കോർപ്പിയോ ക്ലാസിക്കിൽ അവതരിപ്പിക്കുന്നു.
സുഖപ്രദമായ യാത്ര ഉറപ്പുവരുത്താൻ എംടിവി-സിഎൽ സസ്പെൻഷൻ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ബീജും ബ്ലാക്കും കോമ്പിനേഷനിലുള്ള ഡ്യുവൽ ടോൺ ഇന്റീരിയർ, ക്ലാസിക് വുഡ് പാറ്റേൺ കൺസോൾ, പ്രീമിയം ക്വിൽറ്റ് അപ്ഹോൾസ്റ്ററി എന്നിവയാണ് കാറിനകത്ത്. ഫോൺ മിററിങ് ഉൾപ്പെടെ മോഡേൺ ഫങ്ഷൻസുള്ള 22.86 സെന്റീമീറ്റർ ഇൻഫോടൈൻമെന്റ് സിസ്റ്റമാണുള്ളത്.
ക്ലാസിക് എസ്, ക്ലാസിക് എസ്11 എന്നിങ്ങനെ രണ്ടു വേരിയന്റുകൾ ലഭ്യമാണ്. റെഡ്, ബ്ലാക്ക്, സിൽവർ, വൈറ്റ് എന്നീ നിറങ്ങളിലും പുതുതായി അവതരിപ്പിക്കുന്ന ഗ്രേയിലും ലഭിക്കുന്ന സ്കോർപ്പിയോ ക്ലാസിക്കിന്റെ എക്സ്ഷോറൂം വില തുടങ്ങുന്നത് 11.99 ലക്ഷം മുതൽ 15.49 ലക്ഷം രൂപവരെയാണ്.