ന്യൂഡല്‍ഹി: മദ്യപാനത്തില്‍ സുരക്ഷിതമായ അളവ് എന്നൊന്നില്ലെന്ന് ലോകാരോഗ്യസംഘടന. മദ്യപാനം ക്യാന്‍സറിന് കാരണമാകുന്നുവെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. മദ്യപാനത്തിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ലോകാരോഗ്യ സംഘടന പ്രസ്താവന നടത്തിയത്. കുടലിലെ കാന്‍സര്‍, സ്തനാര്‍ബുദം തുടങ്ങിയ ഏഴോളം കാന്‍സറുകള്‍ക്ക് മദ്യപാനം കാരണമാകുന്നുവെന്നും ആല്‍ക്കഹോള്‍ അടങ്ങിയ ഏത് പാനീയവും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
‘കൂടുതല്‍ മദ്യം കഴിക്കുന്നതിനനുസരിച്ച് ക്യാന്‍സര്‍ വരാനുള്ള സാധ്യതയും ഗണ്യമായി വര്‍ധിക്കുന്നു. മിതമായ രീതിയിലുമുള്ള മദ്യത്തിന്റെ ഉപയോഗം പോലും യൂറോപ്യന്‍ മേഖലയില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ആഴ്ച്ചയില്‍ 1.5ലിറ്റര്‍ വൈനില്‍ കുറവോ, 3.5 ലിറ്റര്‍ ബിയറില്‍ കുറവോ, 450 മില്ലിലിറ്ററില്‍ കുറവോ കഴിക്കുന്നതുപോലും ആരോഗ്യത്തിന് ഹാനികരമാണ്. മദ്യപാനം മൂലമുണ്ടാകുന്ന മരണങ്ങളില്‍ ഭൂരിഭാഗവും വ്യത്യസ്ത തരം ക്യാന്‍സറുകള്‍ കാരണമാണ്.’, ലോകാരോഗ്യസംഘടന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതിന് മുമ്പ് മദ്യപാനവും കാന്‍സര്‍ സാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കി കാന്‍സര്‍ എപിഡെമോളജി, ബയോമാര്‍ക്കേഴ്സ് ആന്‍ഡ് പ്രിവന്‍ഷന്‍ ഒരു പഠനം നടത്തിയിരുന്നു. അതിലും സമാന കണ്ടെത്തല്‍ ആയിരുന്നു. വൈന്‍ ഉള്‍പ്പെടെ ആല്‍ക്കഹോള്‍ അംശമുള്ള പാനീയങ്ങളെല്ലാം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനം വ്യക്തമാക്കിയിരുന്നത്. ഭൂരിഭാഗം ജനങ്ങളും മദ്യം ഗുണം ചെയ്യുമെന്ന് കരുതുന്നവരോ അല്ലെങ്കില്‍ ഇതേക്കുറിച്ച് അവബോധമില്ലാത്തവരോ ആണെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.
മദ്യത്തിന്റെ ഉപയോഗം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്ന് തെളിയിക്കാന്‍ മതിയായ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണെന്നും ലോകാരോഗ്യസംഘടന പുതിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന് മദ്യപാനമാണ് എന്നിട്ടും പലര്‍ക്കും അതിനെക്കുറിച്ച് അറിയില്ല എന്നുളളത് ശ്രദ്ധിക്കപ്പെടേണ്ട വിഷയമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
STORY HIGHLIGHTS: The World Health Organization states that there is no safe level of alcohol consumption