തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെ യോഗം നാളെ കൊച്ചിയില്‍ നടക്കും. സംഘടനാ തെരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നിലപാടുകളും ചര്‍ച്ചയാകും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഭാരവാഹി യോഗം ചേരുന്നത്. നിലവിലെ കമ്മിറ്റിയുടെ മൂന്ന് വര്‍ഷത്തെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കും.
ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് യൂത്ത് കോണ്‍ഗ്രസിനുള്ളിലെ ആവശ്യം. കഴിഞ്ഞ തവണ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് എംഎല്‍എയായിരുന്ന ഷാഫിയ്ക്കും കെ എസ് ശബരീനാഥനും വേണ്ടി ഒഴിവാക്കുകയായിരുന്നു. തങ്ങള്‍ക്ക് വേണ്ടവരെ നേതൃസ്ഥാനത്ത് എത്തിക്കുന്നതിനായി ഗ്രൂപ്പ് നേതാക്കള്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചേക്കുമെന്ന പരാതിയുമുണ്ട്.
ഷാഫിയുടെ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്ന പരാതികളും യോഗത്തില്‍ പ്രധാന ചര്‍ച്ചയായേക്കും. പ്രവര്‍ത്തകര്‍ സ്വന്തം നിലയ്ക്ക് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചാണ് സംഘടനയുടെ ജീവന് നിലനിര്‍ത്തുന്നതെന്നാണ് പ്രധാന പരാതി. തിരുവനന്തപുരം കോര്‍പറേഷനില്‍ സമരം പ്രഖ്യാപനം നടത്തിയ ഷാഫിയെ പിന്നീട് കണ്ടത് ലോകകപ്പ് ഫുട്ബോള്‍ വേദിയായ ഖത്തറിലായിരുന്നു. യുവാക്കളെ സമരത്തിലേയ്ക്ക് തള്ളിവിട്ട് പ്രസിഡന്റ് വിദേശത്ത് പോയതിനെതിരെ വലിയ വിമര്‍ശനം സംഘടനയ്ക്കകത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റേതായ ന്യായീകരണം നിരത്തി ആരോപണങ്ങളെ ഷാഫി പ്രതിരോധിച്ചു.
ഏറ്റെടുത്ത സമരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടില്ല. സ്വര്‍ണക്കടത്ത് വിവാദം, വാട്സാപ് ചാറ്റിന്റെ പേരില്‍ ശബരീനാഥന്റെ അറസ്റ്റ്, തിരുവനന്തപുരം കോര്‍പറേഷനിലെ പിന്‍വാതില്‍ നിയമന ആരോപണം എന്നിവയൊക്കെ നടക്കുമ്പോള്‍, ബന്ധപ്പെട്ടവരെ വഴിയില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഖ്യാപിച്ചിരുന്നത്.
നിലവിലെ ഭാരവാഹികള്‍ക്ക് പുനഃസംഘടന നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഗ്രൂപ്പ് നേതാക്കളുടെ നോമിനികളായ നേതാക്കള്‍ മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കുന്നതില്‍ പോലും പരാജയമാണെന്ന പരാതികളുമുണ്ട്. ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ ശക്തമായിരുന്ന യൂത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ ജില്ലാതലങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍ എസ് നുസൂറിനും എസ് എം ബാലുവിനും എതിരായ അച്ചടക്ക നടപടി പിന്‍വലിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും. ശബരിനാഥന്റെ വാട്സ്ആപ് ചാറ്റ് ചോര്‍ന്നതിനെക്കുറിച്ച് ദേശീയ കമ്മിറ്റിക്ക് അയച്ച പരാതി നുസൂര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് കുറ്റം. പാലക്കാട് ശിബിരത്തില്‍ വനിതാ ഭാരവാഹിയോടു മോശമായി പെരുമാറിയ വിവരം പുറത്തുവിട്ടതാണ് ബാലുവിനെതിരായ നടപടിക്ക് കാരണമായത്. നുസൂറിനെയും ബാലുവിനെയും തിരിച്ചെടുക്കാന്‍ ദേശീയ നേതൃത്വം ഒരു മാസം മുമ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഷാഫിയുടെ തിരക്കുമൂലം തീരുമാനം നീണ്ടുപോകുകയായിരുന്നു.
Story highlights: Youth Congress State Meeting Tomorrow