അബുദാബി: പള്ളികളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി യുഎഇ. പള്ളികളിലെ വൈദ്യുതി ഉപയോഗം ഇരുപത്ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. പള്ളികളിലെ എയര്‍കണ്ടീഷണറുകളില്‍ തെര്മോസ്റ്റാറ്റസ് ഘടിപ്പിച്ച് ഇതിലൂടെ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുകയാണ് യു എ ഇ പദ്ധതിയിലൂടെ നടപ്പാക്കാനൊരുങ്ങുന്നത്.
ഇരുപത് ദശലക്ഷം ദിര്‍ഹത്തിന്റെ നിക്ഷേപമാണ് പദ്ധതിക്കായി നീക്കിവെയ്ക്കുന്നത്. അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് ഇത്രയും തുക പദ്ധതിക്കുവേണ്ടി നിക്ഷേപിക്കുന്നത്. അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയും ഇസ്ലാമിക കാര്യവകുപ്പും യോജിച്ച് ആവിഷ്ക്കരിക്കുന്ന പദ്ധതിയില്‍ പള്ളികളിലെ എയര്‍കണ്ടിഷണറുകളുടെ ഉപയോഗം കുറയ്ക്കും. ഇക്കാര്യം നടപ്പാക്കുന്നതിന് പള്ളികളിലെ എയര്‍കണ്ടീഷണറുകളില്‍ സ്മാര്‍ട്ട് തെര്മോസ്റ്റാറ്റസ് ഘടിപ്പിക്കുകയാണ് ചെയ്യുക.
മേഖലയിലെ വലിയ പള്ളികളിലാണ് പദ്ധതി നിലവില്‍ നടപ്പിലാക്കുന്നത്. തുടര്‍ന്ന് ചെറിയ പള്ളികളിലും വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള നടപടികള്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നതായി അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി റവന്യൂ മാനേജര്‍ ഹുമൈദ് അല്‍ ഷംസി അറിയിച്ചു.
സ്മാര്ട്ട്തെര്മോസ്റ്ററ്റസ്സിലൂടെ വിദൂരതയിലിരുന്ന് പള്ളികളിലെ എയര്‍കണ്ടീഷണറുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനം നിലവില്‍വരും. 2030ഓടെ യുഎഇയിലെ വൈദ്യുതി ഉപയോഗം 22ശതമാനം കുറയ്ക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ രാജ്യത്തെ ജല ഉപയോഗം മുപ്പത്തിരണ്ട് ശതമാനംവരെ കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇത്തരത്തില്‍ പള്ളികളിലെ വൈദ്യുതി ഉപയോഗം നിരീക്ഷിക്കുന്നതിനായി കണ്‍ട്രോള്‍റൂമുകളും സ്ഥാപിക്കും.
STORY HIGHLIGHTS: UAE with new plan to reduce the amount of electricity used in mosques