മുംബൈ: 2022ല്‍ ഫുഡ് ഡെലിവറി അഗ്രഗേറ്ററായ സ്വഗ്ഗിക്ക് 3,628.9 കോടിയുടെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്വഗ്ഗിയ്ക്ക് ഉണ്ടായ നഷ്ടം 2.24 മടങ്ങ് വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വിഗ്ഗിയുടെ കഴിഞ്ഞ വര്‍ഷത്തെ ചെലവ് മുന്‍ വര്‍ഷത്തെ ചെലവിനേക്കാള്‍ 227 ശതമാനം അധികമായതാണ് ഇത്രയും നഷ്ടം വരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം സ്വിഗ്ഗി പരസ്യങ്ങള്‍ക്കും പ്രൊമോഷണല്‍ ചാര്‍ജുകള്‍ക്കുമായാണ് അധിക ചെലവ് നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയുടെ 2021 സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 1,616.9 കോടിയില്‍ അധികമായിരുന്നു. ഈ നഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്ക് 2022ലെ മൊത്തം ചെലവ് 9,748.7 കോടി രൂപയിലേക്ക് ഉയര്‍ത്തേണ്ടി വന്നു.
2022ല്‍ സ്വിഗ്ഗിയുടെ ഔട്ട്സോഴ്സിംഗ് ചെലവും 2,249.7 കോടി രൂപയായി, ഒരു വര്‍ഷം മുമ്പ് 985.1 കോടി രൂപയായിരുന്നു ഇത്. ഇന്ത്യയിലുടനീളമുള്ള 550ലധികം നഗരങ്ങളില്‍ സാന്നിധ്യമുള്ള സ്വിഗ്ഗിയുടെ മൂല്യം 2022 ജനുവരിയില്‍ ഇന്‍വെസ്കോയുടെ നേതൃത്വത്തില്‍ 700 മില്യണ്‍ ഡോളര്‍ സമാഹരിച്ചപ്പോള്‍ 10 ബില്യണ്‍ ഡോളറായിരുന്നു.
അതേസമയം രാജ്യത്തുടനീളം ഉള്ള ലക്ഷക്കണക്കിന് ആളുകളാണ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹൈദരാബാദി ബിരിയാണി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്. സ്വിഗ്ഗി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഡിസംബര്‍ 31 രാത്രി 10:25 വരെ ഹൈദരാബാദി ബിരിയാണിക്കായി 3.5 ലക്ഷം ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ആണ് ലഭിച്ചത്.
Story Highlights: Additional expenditure incurred on advertising and promotion; 3,600 crore loss for Swiggy in 2022