കാഠ്മണ്ഡു: നേപ്പാള്‍ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ 68 പേരുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. അഭിഷേക് കുഷ്വാഹ, സോനു ജയ്സ്വാള്‍, ബിശാല്‍ ഷര്‍മ്മ, സഞ്ജയ ജയ്സ്വാള്‍, അനില്‍ കുമാര്‍ രാജ്ബാര്‍ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.വിമാനത്തില്‍ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
53 നേപ്പാള്‍ സ്വദേശികളും നാല് റഷ്യന്‍ പൗരന്മാരും രണ്ട് കൊറിയക്കാരും അയര്‍ലണ്ട്, അര്‍ജന്റീന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പേരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് വിവരം. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു. നേപ്പാളി ആര്‍മി, സായുധ പോലീസ് സേന, എയര്‍പോര്‍ട്ട് റെസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ്, നേപ്പാള്‍ പൊലീസ് സംഘങ്ങള്‍ എന്നിവര്‍ അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
വിമാനത്തിലുണ്ടായിരുന്ന 72 പേരില്‍ നാല് ജീവനക്കാരാണ് ഉണ്ടായിരുന്നത്. രണ്ട് പേര് പൈലറ്റുമാരും രണ്ട് പേര് എയര്‍ഹോസ്റ്റസുമാണ്. വിമാനത്തിന് തീപിടിച്ചതിനാല്‍ തുടക്കത്തില്‍ ആളുകള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റിനുള്ളിലാണ് വിമാനം അപകടത്തില്‍പെടുന്നത്. എടിആര്‍72 വിമാനമാണ് അപകടത്തില്‍പെട്ടത്. പൊഖ്റയില്‍ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനുമിടയില്‍ സേതി നദിക്കരയിലാണ് വിമാനം തകര്‍ന്നുവീണത് എന്നാണ് ലഭിക്കുന്ന വിവരം.
ആകാശത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വലിയ ശബ്ദത്തോടെ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യം പുറത്ത് വന്നിരുന്നു. വീണ വിമാനത്തില്‍ നിന്ന് വലിയ പുകപടലങ്ങള്‍ ഉയരുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു.
Story Highlights: Nepal plane crash: 68 bodies found; Five of the dead were Indians