മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അഭിഭാഷകന് ടിപി ഹരീന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിയമ നടപടികള്‍ക്കൊരുങ്ങി മുസ്ലീം ലീഗ്. കേസിലെ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് പി ജയരാജനെ രക്ഷപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടി സഹായിച്ചെന്നായിരുന്നു ഹരീന്ദ്രന്റെ ആരോപണം. ഹരീന്ദ്രനെതിരെ സംസ്ഥാനത്തെ 16 പൊലീസ് സ്റ്റേഷനുകളിലാണ് മുസ്ലീം ലീഗിന്റെ അഭിഭാഷക സംഘടനയുടെ നേതൃത്വത്തില്‍ പരാതി നല്‍കിയത്.
2012 ല്‍ എംഎസ്എഫ് പ്രവര്‍ത്തകനായ കണ്ണൂര്‍ അരിയില്‍ സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ വധത്തില്‍ പി ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ ഈ ഗുരുതരമായ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി ഇടപ്പെട്ടുവെന്നാണ് ഹരീന്ദ്രന്റെ ആരോപണം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഹരീന്ദ്രന്‍ പറഞ്ഞു. പി കെ കുഞ്ഞാലികുട്ടി സമീപകാലത്ത് ഇ പി ജയരാജന്റെ വിഷയവുമായി നടത്തിയ പ്രസതാവനകളാണ് ഇക്കാര്യം വെളിപ്പെടുത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഹരീന്ദ്രന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു.
അതേസമയം ഹരീന്ദ്രന്റെ ആരോപണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണത്തില്‍ ലീഗ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ആരോപണം ഗൗരവമുള്ളതാണെന്നും പറഞ്ഞത് കാര്യമായിട്ടാണെങ്കില്‍ അതേക്കുറിച്ച് ഹരീന്ദ്രനോട് ചര്‍ച്ച ചെയ്യണമെന്നാണ് സുധാകരന് പറഞ്ഞത്. ഗുരുതരമായ ആരോപണത്തെ പൂര്‍ണമായും തള്ളാതെയുള്ള സുധാകരന്റെ പ്രതികരണമാണ് ലീഗിനെ ചൊടിപ്പിച്ചത്.
STORY HIGHLIGHTS: Muslim League paid 16 complaints against TP Hareendran