ന്യൂഡൽഹി: ജമ്മു കശ്മീർ കോൺഗ്രസ് വക്താവ് ദീപിക പുഷ്കർ നാഥ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. കത്വ കേസ് അട്ടിമറിക്കാൻ ശ്രമിച്ച മുൻ മന്ത്രി ചൗധരി ലാൽ സിങിനെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ അനുവദിച്ചതിനെ തുടർന്നാണ് രാജി. ട്വിറ്ററിലൂടെയായിരുന്നു ദീപിക പാർട്ടിയിൽ നിന്നും രാജിവെക്കുന്ന വിവരം അറിയിച്ചത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെയാണ് ദീപികയുടെ രാജി.
വിവാദമായ കത്വ കേസ് ചൗധരി ലാൽ സിങ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ദീപിക ആരോപിച്ചു. കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിനായി കേസ് അട്ടിമറിച്ച ഒരാളുമായി പാർട്ടിയിൽ ഒത്തുപോവാൻ സാധിക്കില്ലെന്ന് ദീപിക പറഞ്ഞു. ജമ്മു കശ്മീരിൽ രണ്ട് തവണ എംപിയും മൂന്ന് തവണ എംഎൽഎയുമായിരുന്നു ലാൽ സിങ്. എന്നാൽ 2014 ൽ ലാൽ സിങ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക് മാറുകയായിരുന്നു. തുടർന്ന് 2018 ജൂണിൽ പിഡിപി – ബിജെപി സർക്കാരിൽ അദ്ദേഹം മന്ത്രിയായി.
അഭിഭാഷികയായിരുന്ന ദീപിക കത്വ കേസിലെ ഇരയുടെ കുടുംബത്തിനായി രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയിൽ നിന്നും വിചാരണ പത്താൻകോട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ ഇവർ സമീപിച്ചിരുന്നു. ഗാന്ധിയുടെ പ്രത്യശാസ്ത്രത്തിൽ വിശ്വസിക്കുന്ന നേതാക്കൾക്ക് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാമെന്ന് എഐസിസിയുടെ ചുമതലയുളള രജനി പട്ടേൽ വ്യക്തമാക്കി.
STORY HIGHLIGHTS: ex minister joining bharath jodo yatra jammu and kashmir congress spokesperson decided to resign