കംപാല: കുട്ടികളെ വളര്‍ത്താന്‍ പ്രയാസപ്പെടുന്നതിനാല്‍ ഇനി പിതാവാകാനില്ലെന്ന് പ്രതിജ്ഞയെടുത്ത് 102 കുട്ടികളുടെ പിതാവ്. 12 ഭാര്യമാരുള്ള 67 കാരനായ മൂസ ഹസഹ്യയാണ് പ്രതിജ്ഞ എടുത്തത്. ഉഗാണ്ടയിലെ ബുഗിസ സ്വദേശിയാണ് മൂസ.
‘ഇനി പിതാവാകുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയില്ല, സൗകര്യങ്ങളും വിഭവങ്ങളും പരിമിതമാണ് എന്നതാണ് കാരണം. ഞാന്‍ എന്റെ ഭാര്യമാരോട് ഗുളിക കഴിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ പ്രസവിക്കുന്ന പ്രായത്തിലുള്ള എന്റെ എല്ലാ ഭാര്യമാരോടും ഇനി കുടുംബാസൂത്രണത്തെക്കുറിച്ച് ചിന്തിക്കണമെന്നും ഞാന്‍ ഉപദേശിച്ചിട്ടുണ്ട്’. മൂസ പറഞ്ഞു. സാഹചര്യങ്ങള്‍ അനുകൂലമാല്ലാത്തതിനാല്‍ നാലില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരെ താന്‍ നിരുല്‍സാഹപ്പെടുത്തുമെന്നും മൂസ കൂട്ടിച്ചേര്‍ത്തു.
568 പേരക്കുട്ടികള്‍ കൂടിയുള്ള മൂസ, ഉഗാണ്ടയിലെ ബുഗിസയില് 12 കിടപ്പുമുറികളുള്ള ഒരു വീട്ടിലാണ് താമസിക്കുന്നത്. മക്കളെയും പേരക്കുട്ടികളെയും തമ്മില്‍ വേര്‍തിരിച്ച് അറിയാമെങ്കിലും അവരുടെ പേരുകള്‍ കൃത്യമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 1971-ല്‍ മൂസയ്ക്ക് 16 വയസുളളപ്പോളാണ് ആദ്യ ഭാര്യയായ ഹനീഫയെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് മൂസ ആദ്യമായി അച്ഛനായത്.
താന്‍ വില്ലേജ് ചെയര്‍പേഴ്സണും ബിസിനസുകാരനുമായതിനാല് കൈയ്യില്‍ പണവും സ്ഥലവും ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് കുടുംബം വിപുലീകരിക്കാന്‍ തീരുമാനിച്ചതെന്നും മൂസ പറഞ്ഞു. കൂടാതെ തനിക്ക് സമ്പാദിക്കാന്‍ കഴിയുന്നതുകൊണ്ടാണ് കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിച്ച് വലിയ കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ണ് ഫലഭൂയിഷ്ഠമായതിനാല്‍ ഓരോരുത്തര്‍ക്കും നിലം ഉഴുതുമറിക്കാനും, കുടുംബത്തെ പോറ്റാന്‍ ആവശ്യമായ സൗകര്യങ്ങളും ഞാന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്റെ എല്ലാ കുട്ടികളെയും കൂടി പഠിപ്പിക്കാന്‍ ഞാന്‍ കഷ്ടപ്പെടുകയാണ് മൂസ പറയുന്നു. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മൂസ ഇപ്പോള്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. പ്രയാസങ്ങള്‍ ഉണ്ടെങ്കിലും തങ്ങള്‍ സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് കുടുംബം പറഞ്ഞു.
STORY HIGHLIGHTS: The father of 102 children has vowed not to be a father anymore