മികച്ച ആദായം ലഭിക്കുന്ന ഒരു സംരംഭമാണ് ടർക്കികോഴി വളർത്തൽ. അൽപം ശ്രദ്ധവേണമെന്നു മാത്രം. നല്ല തീറ്റക്രമവും കൃത്യമായി പരിപാലനവും നൽകിയാൽ ഏഴ് മാസമാകുമ്പോൾ മുട്ട ഇടും. വർഷത്തിൽ നൂറു മുട്ടകൾ വരെ ലഭിക്കും. ടർക്കി മുട്ടകൾക്ക് ശരാശരി 80 ഗ്രാം തൂക്കം വരും. കോഴികക്കാൾ വലിപ്പമുള്ള പക്ഷികളാണിവ. വളർച്ചയെത്തിയ പൂവൻ ടർക്കികൾക്ക് ഏഴ് കിലോയോളം തൂക്കമുണ്ടാകും. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് എന്നീ ധാതുക്കുകളാൽ സമൃദ്ധമാണ് ഇറച്ചി. ———ഇറച്ചിയിൽ കൊളസ്ട്രോൾ കുറവാണ്. മാംസത്തിന്റെ അളവ് കൂടുതലും. അഴകുള്ള പക്ഷികളാണിവ.
ഇനങ്ങൾ
——ഏഴ് സ്റ്റാൻഡേർഡ് ടർക്കി ഇനങ്ങളുണ്ട്. വെങ്കലം, വൈറ്റ് ഹോളണ്ട്, ബർബൺ റെഡ്, നരഗൻസെറ്റ്, ബ്ലാക്ക്, സ്ലേറ്റ്, ബെൽറ്റ്സ്വില്ലെ എസ് എന്നിവ. ബ്രെസ്റ്റഡ് ബ്രോൺസ്, ബ്രോഡ് ബ്രെസ്റ്റഡ് ലാർജ് വൈറ്റ്, ബെൽറ്റ്സ്വില്ലെ സ്മോൾ വൈറ്റ് ഇനങ്ങൾ ഇന്ത്യയിൽ സാധാരണവും.
പരിപാലനം
—–
കൂട്ടിൽ ആവശ്യത്തിന് വെളിച്ചവും നല്ല വായുസഞ്ചാരവും ഉറപ്പുവരുത്തണം. തറയിൽ അഞ്ച് സെന്റിമീറ്റർ ഘനത്തിൽ ചിന്തേരുപൊടി, ഉമി, പതിര്, വെട്ടി നുറുക്കിയ വൈക്കോൽ, നിലക്കടലത്തോട് എന്നിവ വിതറണം. ആദ്യത്തെ അഞ്ച് ദിവസം ഇതിനു മുകളിൽ കടലാസ് വിരിക്കണം. കൂടിന്റെ തറ ഉണങ്ങിയതായിരിക്കണം.
തൂവലുകൾ വളരുന്നതുവരെ കുഞ്ഞുങ്ങൾക്ക് കൃത്രിമമായി ചൂട് നൽകണം. വിരിഞ്ഞ് ഇറങ്ങുമ്പഴൊ , ആറ് ആഴ്ച പ്രായമാകുമ്പോഴോ കുഞ്ഞുങ്ങളെ കൊക്കു മുറിക്കൽ പ്രക്രിയക്ക് വിധേയമാക്കണം. തമ്മിൽ കൊത്തുകൂടാതിരിക്കാനും നഷ്ടപ്പെടുന്ന തീറ്റയുടെ അളവ് കുറയ്ക്കാനുമാണിത്. ടർക്കി കോഴികളുടെ പരിപാലനം രണ്ട് വിധത്തിൽ: ഡിപ്പ് ലിറ്റർ രീതിയും തുറസായ സ്ഥലത്ത് വിട്ടു വളർത്തുന്ന രീതിയും. 100 ടർക്കി കോഴികൾക്ക് അരയേക്കർ പുരയിടം എന്ന നിലയിലാണ് സ്ഥലം നൽകേണ്ടത്.
കുഞ്ഞുങ്ങളുടെ പരിചരണം
——-
ആദ്യ ഘട്ടത്തില്‍ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ക്ക് മൂന്ന് ആഴ്ച വരെ ചൂട് കൊടുക്കേണ്ടതായി വരും. ഒരു കുഞ്ഞിന് മൂന്ന് വാട്ട് എന്ന കണക്കിലാണ് ചൂട് കൊടുക്കുന്നത്. ആദ്യ 3–4 ദിവസം പേപ്പറും തടിച്ചീളുകളും വിരിച്ച് അതിലാണ് കുഞ്ഞുങ്ങളെ ഇടുക. ഒരാഴ്ച കഴിയുമ്പോള്‍ 10 കുഞ്ഞിന് ഒരു കോഴിമുട്ട എന്ന കണക്കില്‍ പുഴുങ്ങി പൊടിച്ച് തീറ്റയോടൊപ്പം ചേര്‍ത്തുകൊടുക്കും. 24 മണിക്കൂറും ചൂടിന്റെ ആവശ്യം മൂന്ന് ആഴ്ച വരെ വേണ്ടി വരും. നല്ല വളര്‍ച്ച ലഭിക്കാൻവേണ്ടിയാണിത്. ഒരു മാസം പ്രായമാകുന്ന കുഞ്ഞുങ്ങളെ അടുത്ത ഷെഡ്ഡിലേക്ക് മാറ്റും. അവിടെ ചൂടിന്റെ ആവശ്യമില്ല. പൂര്‍ണ്ണവളര്‍ച്ചയെത്തിയ പൂവനെയും പിടയെയും പ്രത്യേക ഷെഡ്ഡില്‍ പാര്‍പ്പിക്കണം. 28 ദിവസമാണ് മുട്ട വിരിയാനെടുക്കുന്ന സമയം. 24 ദിവസം ഇങ്ക്വുബേറ്ററില്‍ വച്ച മുട്ടകള്‍ പിന്നീട് ഹാച്ചറിയിലേക്ക് മാറ്റാം.
ശ്രദ്ധവേണം
തുറസ്സായ സ്ഥലമാണ് ടര്‍ക്കി വളര്‍ത്തലിന് അനുയോജ്യം. തീറ്റച്ചിലവ് കുറയ്ക്കുന്നതിനായി പച്ചപ്പുല്ല് അരിഞ്ഞു നല്‍കാം . കോഴിത്തീറ്റയ്ക്കും പച്ചപ്പുല്ലിനും പുറമേ മറ്റ് പച്ചക്കറി, ഭക്ഷ്യ അവശിഷ്ടങ്ങളും ടര്‍ക്കികള്‍ക്ക് നല്‍കാം.
കോഴിയെ അപേക്ഷിച്ച് പ്രോട്ടീൻ, അമിനോ ആസിഡുകൾ, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവ ടർക്കിക്ക് കൂടുതൽ ആവശ്യമുണ്ട്.
വിവരങ്ങൾക്ക്: വെറ്ററിനറി യൂണിവേഴ്സിറ്റി പൗൾട്രി ഫാം, മണ്ണുത്തി, തൃശൂർ ഫോൺ: 0487-2371178,2370117, ജില്ലാ ടർക്കി ഫാം, കുരീപ്പുഴ, കൊല്ലം –-ഫോൺ: 0474-2799222, റീജിയണൽ പൗൾട്രി ഫാം, കുടപ്പനക്കുന്ന്, തിരുവനന്തപുരം ,ഫോൺ: 0471-2730804, റീജിയണൽ പൗൾട്രി ഫാം, മുണ്ടയാട്, കണ്ണൂർ. ഫോൺ: 0497-2721168).